ജില്ലയിൽ കോവിഡ് ബാധിതർ 20; നിരീക്ഷണത്തിൽ 9,706 പേർ..

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുപതായി. കഴിഞ്ഞ 23-ന് ദുബായിൽ നിന്നെത്തിയ ചാവക്കാട് സ്വദേശികളായ 32വയസുള്ള പുരുഷനും 28 വയസ്സുള്ള സ്ത്രീക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇവർ ഇരുവരും കോഴിക്കോട് എം.വി.ആർ. കാൻസർ സെന്ററിലാണ് ചികിത്സയിൽ കഴിയുന്നത്.

24-ന് അബുദാബിയിൽ നിന്നെത്തിയ പഴയന്നൂർ സ്വദേശിക്കും, വിദേശത്ത് നിന്ന് തിരിച്ചെത്തിയ തളിക്കുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുന്നയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് എങ്കിൽകൂടി ഇതുവരെ അപകടനില തരണം ചെയ്തിട്ടുമില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിൽ 9,657 പേരും ആശുപത്രികളിൽ 49 പേരും ഉൾപ്പെടെ ആകെ 9,706 പേരാണ് നിരീക്ഷണത്തിലുള്ളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.