നീണ്ട കാത്തിരിപ്പുകൾക്ക് ക്കും ആശങ്കകൾക്കും വിരാമമിട്ട് എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാസ്ക് ധരിച്ച് പരീക്ഷാഹാളുകളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശിപ്പിച്ചത്. വി.എച്ച്.സി.ഇ വിദ്യാർത്ഥികൾക്ക് രാവിലെയും എസ് എസ് എൽ സിക്കാർക്ക് ഉച്ചയ്ക്ക് ശേഷവുമായിരുന്നു പരീക്ഷകൾ.
പത്താം ക്ലാസുകാരുടെ കണക്ക് പരീക്ഷയാണ് ഇന്ന് നടന്നത്. വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.45നും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.30 നുമാണ് ആരംഭിച്ചത്.
രണ്ട് പരീക്ഷകൾക്കും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. സ്കൂളിന്റെ പ്രവേശനകവാടത്തിൽ ഹാന്റ് വാഷും സാനിറ്റൈസറുമായി അധ്യാപകരും പിടിഎ അംഗങ്ങളും കാത്തുനിന്നു.
അധികൃതർക്ക് പുറമേ പല സന്നദ്ധ സംഘടനകളും വിദ്യാർത്ഥികൾക്ക് മാസ്കും സാനിറ്റൈസറും ഗ്ലൗസുമടക്കമുള്ള ഉപകരണങ്ങൾ പല വിദ്യാലയങ്ങളിലും വിതരണം ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച ലഘുലേഖകളും പ്രവേശന കവാടത്തിൽ പതിപ്പിച്ചിരുന്നു. കൈകൾ കഴുകിയതിനുശേഷം തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
സാമൂഹിക അകലം പാലിച്ചായിരുന്നു കുട്ടികളുടെ പരീക്ഷയെഴുത്ത്. ഗ്ലൗസുകൾ അണിഞ്ഞെത്തിയ അധ്യാപകർ ഒരിക്കൽ കൂടി സാനിറ്റൈസർ ഉപയോഗിച്ച് കുട്ടികളുടെ കൈകൾ ശുചീകരിച്ചു. ശേഷം പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ചോദ്യപേപ്പർ നൽകി. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ആദ്യ പേജിൽ ഒപ്പിട്ട ശേഷമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർ ഒപ്പ് വെച്ചില്ല. പരമാവധി സമ്പർക്കം കുറയ്ക്കുക എന്ന നിർദ്ദേശത്തെ തുടർന്നാണിത്. ഇൗ പരീക്ഷാ അനുഭവം എന്തായാലും എല്ലാ വിദ്യാർത്ഥികൾക്കും വലിയൊരു ഓർമ തന്നെയാവും എന്ന് ഉറപ്പാണ്.