ഇനിയെല്ലാം വേഗത്തിൽ; കോവിഡ് പരിശോധനക്ക് യന്ത്രമെത്തി..

ജില്ലയിലെ കോവിഡ് പരിശോധന ഇനി അതിവേഗം പൂർത്തിയാക്കാം. പരിശോധന വേഗത്തിൽ പൂർത്തിയാക്കാനുള്ള ന്യൂക്ളിക് ആസിഡ് എക്സ്ട്രാക്ഷൻ സിസ്റ്റം ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലെത്തി.

രമ്യാ ഹരിദാസ് എം.പി അനുവദിച്ച 40 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ച് വിദേശത്തുനിന്നാണ് യന്ത്രമെത്തിച്ചത്. നേരത്തെ തന്നെ ഇതിനുള്ള നടപടികൾ പൂർത്തീകരിച്ചതാണെങ്കിലും ലോക്ക് ഡൗൺ മൂലം യന്ത്രം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

യന്ത്രം എത്തിയതോടെ ഇനി കോവിഡ് പരിശോധനക്കുള്ള സമയം ആറ് മണിക്കൂറിൽ നിന്നും നേർ പകുതിയാക്കി കുറക്കാൻ കഴിയും. ഇതുവഴി പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം ഇരട്ടിയാക്കാനും സാധിക്കും.

കോവിഡ് പരിശോധനക്ക് പുറമേ, മറ്റുള്ള എല്ലാ വൈറൽ പരിശോധനകളുടെയും ഫലം ഇതുപയോഗിച്ച് വേഗത്തിലാക്കാൻ കഴിയും.