ഇളവുകളിൽ നട്ടം തിരിഞ്ഞ് നഗരം

നാലാംഘട്ട ലോക്ക് ഡൗണിന്റെ നിയന്ത്രണ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയാണ്. പൊതുഗതാഗതം പഴയ അവസ്ഥയിൽ അല്ലാത്തത് കൊണ്ട് ധാരാളം പേരാണ് ചെറുവാഹനങ്ങളുമായി പുറത്തിറങ്ങുന്നത്.

പൂത്തോൾ റോഡ് ജങ്ഷനിൽ നടക്കുന്ന കലുങ്ക് നിർമാണം കൂടിയാകുമ്പോൾ കുരുക്ക് ഇരട്ടിയാകുന്നു. നിലവിൽ നഗരത്തിൽനിന്ന് ഗുരുവായൂർ, കുന്നംകുളം, വാടാനപ്പിള്ളി ഭാഗങ്ങളിലേയ്ക്കുള്ള വാഹനങ്ങൾ പൂത്തോൾ ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്.

എന്നാൽ, തിരിച്ച് നഗരത്തിലേയ്ക്കുള്ള ചെറുവാഹനങ്ങളുൾപ്പെടെയുള്ളവ എം.ജി. റോഡിലൂടെ കടന്നുപോകുന്നതാണ് ഇവിടത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. തിങ്കളാഴ്ച പലയിടങ്ങളിലും അനുഭവപ്പെട്ട തിരക്ക് കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കാകെ വെല്ലുവിളിയാകുന്ന വിധത്തിലായിരുന്നു.