ആനാപ്പുഴയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ കവർന്നു. അഞ്ചങ്ങാടി കുറ്റിപ്പറമ്പിൽ വേണുഗോപാലിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. വേണുഗോപാലിന്റെ ഭാര്യ ചന്ദ്രിക ദേശീയ സമ്പാദ്യ പദ്ധതി കളക്ഷൻ ഏജന്റാണ്.
ഇവർ ഇടപാടുകാരിൽനിന്നും അക്കൗണ്ടിൽ അടയ്ക്കാനായി വാങ്ങി സൂക്ഷിച്ചു വെച്ച പണമാണ് മോഷണം പോയത്. ഇൗ സമയം വീട്ടുകാർ പുറത്തുപോയിരുന്നു. രാവിലെ ഒമ്പതുമണിയോടെ വീട്ടിൽ തിരിച്ചെത്തിയ വീട്ടുടമ അടുക്കളവാതിൽ വഴി വീടിനകത്ത് കയറാൻ എത്തിയപ്പോഴാണ് വാതിലിന്റെ താഴ് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
ഉടൻതന്നെ കിടപ്പുമുറിയിൽ പോയി നോക്കുകയും അലമാരയിൽ വെച്ചിരുന്ന പണം നഷ്ടപ്പെട്ടതായും കണ്ടു. വീട്ടുകാർ അടുക്കളവാതിൽ പൂട്ടിയാണ് പുറത്തുപോയിരുന്നത്. ഇരുപതു മിനിറ്റിനുള്ളിൽ കവർച്ച നടന്നതായാണ് വീട്ടുകാർ കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.