ജലപ്രയാണം മാതൃകാപദ്ധതിയാക്കും; സി രവീന്ദ്രനാഥ്…

മൃതപ്രായയായ പുഴകളെ നീരൊഴുക്ക് നിലനിർത്തി പുതുജീവൻ പകരാനുള്ള ജലപ്രയാണം പദ്ധതിക്ക് തുടക്കമായി.
കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ഔപചാരികമായി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പുഴ ശുചീകരണ പ്രവർത്തനം ചൊവ്വാഴ്ച തന്നെ ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി.

ജലപ്രയാണം മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.പുഴകളുടെ തുടക്കത്തിൽനിന്നാണ് പദ്ധതി തുടങ്ങുക. എങ്കിലേ ഒഴുക്ക് പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് മന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടാഴ്ച കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. വീഡിയോ കോൺഫറൻസിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയിൽ തങ്ങളുടെ പങ്കാളിത്തവും സഹകരണവും അറിയിച്ചു.

നീർച്ചാലുകളുടെ വീണ്ടെടുപ്പ്, പുഴകളുടെ ശുചീകരണം കയ്യേറ്റം ഒഴിപ്പിക്കൽ, തോടുകളുടെ ശുചീകരണം പുനരുജ്ജീവനം, സ്വാഭാവിക ജലപ്രവാഹം സുഗമമാക്കൽ എന്നീ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നടത്തുക. കൂടാതെ ജലസ്രോതസ്സുകളുടെ സംഭരണ ശേഷി വർധിപ്പിക്കൽ, മഴവെള്ള ശേഖരണം സംവിധാനങ്ങളുടെ ശുചീകരണവും ഇതോടൊപ്പം നടത്തും. ‘ഒരു കൈകുമ്പിൾ നമുക്കും വരും തലമുറയ്ക്കും’ എന്നതാണ് ജല പ്രയാണം’ ലക്ഷ്യം വെക്കുന്നത്.