സർവ്വം സജ്ജം;എസ് എസ് എൽ സി കണക്ക് പരീക്ഷ നാളെ..

കോവിഡ് 19ന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ് എസ് എസ് എൽ സി പരീക്ഷ നാളെ പുനരാരംഭിക്കും. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ 35,319 വിദ്യാർത്ഥികളാണ് പരീക്ഷാഹാളിലെത്തുന്നത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ പരീക്ഷകളാണ് നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുക. ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാല് വരെയാണ് പരീക്ഷ.

വിദ്യാർത്ഥികൾ അര മണിക്കൂർ മുമ്പ് തന്നെ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. 259 പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയിൽ പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുളളത്. ഇതിൽ 83 എണ്ണം സർക്കാർ മേഖലയിലും 148 എണ്ണം എയ്ഡഡ് മേഖലയിലും 30 എണ്ണം അൺ എയ്ഡഡ് മേഖലയിലുമാണ്.
കർശന നിയന്ത്രണങ്ങളോടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഓരോ പരീക്ഷാ കേന്ദ്രവും ക്രമീകരിച്ചിരിക്കുന്നത്.

സ്‌കൂളുകളിലേക്ക് ഒരു പ്രവേശനമാർഗം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇവിടെ കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്‌കാനറുകൾ തയ്യാറാക്കിയിട്ടുണ്ട്.