ബംഗളൂരു ട്രെയിനിൽ തൃശൂരിലെത്തിയത് 278 പേർ.

ബംഗളൂരുവിൽനിന്ന് യാത്ര തിരിച്ച ട്രെയിനിൽ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തൃശൂരിൽ എത്തിയത് 278 യാത്രക്കാർ. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം വരെ പോകുന്ന സ്പെഷൽ ട്രെയിനിലാണ് ഇവർ എത്തിയത്. ഇതിൽ തൃശൂർ ജില്ലക്കാർ 214 യാത്രക്കാരാണ്. പാലക്കാട്-അഞ്ച്, മലപ്പുറം-38, കോഴിക്കോട്-11, കണ്ണൂർ -9, കാസറഗോഡ്-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാർ.

ഇവരിൽ 265 പേരെ ഹോം ക്വാറന്റൈനിലും 12 പേരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും ആക്കി. രോഗ ലക്ഷണം പ്രകടിപ്പിച്ച തൃശൂർ സ്വദേശിയായ ഒരു യാത്രക്കാരിയെ കോവിഡ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാക്കിയുള്ള ജില്ലക്കാരെ മെഡിക്കൽ പരിശോധനക്ക് ശേഷം അതത്ജില്ലകളിലേക്കും അയച്ചു.

യാത്രക്കാർക്കായി കെഎസ്ആർടിസി ബസ് സൗകര്യംഏർപ്പെടുത്തിയിരുന്നു. തൃശൂർ ജില്ലക്കാരിൽ 77 പേർ തൃശൂർ താലൂക്കിലുള്ളവരാണ്. മുകുന്ദപുരം 26, ചാവക്കാട് -26, കൊടുങ്ങല്ലൂർ -16, തലപ്പിള്ളി -27, ചാലക്കുടി-26, കുന്നംകുളം-9 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽനിന്നുള്ളവർ.
യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ടു വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തിയതിനു ശേഷമാണ് വിട്ടത്.