ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ആദ്യ സംഘം നാളെ വീടുകളിലേക്ക്..

വിദേശത്ത് നിന്നും ജില്ലയിൽ തിരികെ എത്തിയ ആദ്യസംഘത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇന്ന് പൂർത്തിയാകും. മെയ് 7 ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ സംഘത്തിന്റെ 14 ദിവസത്തെ നിരീക്ഷണ കാലാവധിയാണ് പൂർത്തിയാകുന്നത്.

അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയ 177 പേരിൽ തൃശൂർ ജില്ലയിൽ നിന്നുളള 72 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 39 പേരെ ഗുരുവായൂരിലെ സ്റ്റെർലിംഗ് ഗേറ്റ്‌വേയിലേക്ക് എത്തിച്ചു.

ഗേറ്റ് വേയിൽ പാർപ്പിച്ച 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണം പൂർത്തിയാകുന്ന 34 പേർക്ക് ഇക്കാര്യം വ്യക്തമാക്കി സർട്ടിഫിക്കറ്റ് നൽകും. നാളെ ഇവരെ വീടുകളിലേക്ക് അയ്ക്കും.

ഇവിടെ നിന്നും വിട്ടയ്ക്കുന്നവർക്ക് തുടർന്ന് ഹോം ക്വാറന്റൈൻ ആവശ്യമില്ല. അവർ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.വീടുകളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 9400063731/32/33/34/35.