കോവിഡ് കാലം മാറ്റത്തിന്റെ കാലം കൂടിയാണ്. ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃക അവതരിപ്പിക്കുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ മെയ് 25 മുതൽ ആരംഭിക്കും.
ജീവിതശൈലി രോഗങ്ങൾക്കായി
നാഷ്ണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്റെയും നേത്ര വിഭാഗത്തിന്റെയും സഹായതോടെയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക.
ജീവിതശൈലി ക്രമീകരണത്തിലൂടെ പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം എന്നതിലാണ് പരിശീലനം. ഇതിനായി പാലിക്കേണ്ട ഭക്ഷണ ക്രമങ്ങൾ, ശാരീരികവും മാനസികവുമായ ഉന്മേഷത്തിനായി ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, വീട്ടിൽ ചെയ്യാൻ കഴിയുന്ന യോഗ എന്നിവയിലാണ് ഓൺലൈൻ പരിശീലനം. ആദ്യഘട്ടത്തിൽ 25 പേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പരിശീലനം നൽകുക. ഓഡിയോ, വീഡിയോ, യു ട്യൂബ് തുടങ്ങിയ മാർഗ്ഗങ്ങൾ ഇതിനായി സ്വീകരിക്കുന്നു.
ഓരോ ബാച്ചിനും ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം നൽകും. ആയുഷ് മിഠായി പരിശീലനം ആവശ്യമുള്ളവർ 9188526392 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ ആയുർവേദ ആശുപത്രി നേത്രരോഗ വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പി കെ നേത്രദാസ് പറഞ്ഞു.