കോവിഡ്: പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാൻ തയ്യാറെടുപ്പ് തുടങ്ങി..

കാലവർഷക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനം ഉള്ള കെട്ടിടങ്ങൾ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. ഇതുൾപ്പെടെ ചുരുങ്ങിയത് നാല് എന്ന കണക്കിൽ അടിയന്തിരഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ ആവശ്യമായ കെട്ടിടങ്ങൾ ഓരോ തദ്ദേശ സ്ഥാപനവും കണ്ടെത്തി നൽകണം.

കോവിഡ് ഹോം ക്വാറൻൈറനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാനായി മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങൾ കണ്ടെത്തണം. ഹോം ക്വാറൻൈറൻ സമയം കഴിയുന്ന മുറയ്ക്ക് ഇവരെ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ പൊതുക്യാമ്പുകളിൽ താമസിപ്പിക്കും. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താനായുള്ള കെട്ടിടത്തിന് പുറമെ 60 വയസ്സിന് മുകളിലുള്ളവരെ പ്രത്യേകം പാർപ്പിക്കാനായി മറ്റൊരു കെട്ടിടം കൂടി സജ്ജമാക്കും.