മാളയിൽ മണ്ണിനടിയിലും കഞ്ചാവ് സൂക്ഷിപ്പ്; യുവാവ് അറസ്റ്റിൽ..

മണ്ണിനടിയിൽ കുഴിച്ചിട്ട 28 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ആശാരിക്കാട് സ്വദേശി തെക്കേയിൽ ഷിജോ (26)യുടെ ഭാര്യവീട്ടിലെ പറമ്പിലാണ് കഞ്ചാവ് കുഴിച്ചിട്ടിരുന്നത്.

മാള പുത്തൻചിറ പൊരുമ്പക്കുന്നിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് മാള പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ്‌ ഇത്‌‌ കണ്ടെത്തിയത്‌.

പറമ്പിൽ മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവിടെ കുഴിച്ചു നോക്കിയപ്പോഴാണ്‌ നാലടിയോളം താഴ്ചയിൽ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച 28 കിലോ കഞ്ചാവ്‌ കണ്ടെടുത്തത്.

നിരവധി കഞ്ചാവു കേസുകളിലും ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എടിഎം കവർച്ചക്കേസിലും പ്രതിയാണ് ഷിജോ. കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ പരിശോധനയിൽ ഷിജോയിൽനിന്ന്‌ 18 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.