പതിനായിരം സൗജന്യ ഡയാലിസിസിന്റെ നിറവിൽ കൊടുങ്ങല്ലൂർ ഗവ. ആശുപത്രി..

പതിനായിരം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കി ആരോഗ്യ രംഗത്ത് പുതിയ വിജയഗാഥ രചിക്കുകയാണ് കൊടുങ്ങല്ലൂർ താലൂക്ക് ഗവ ആശുപത്രി. ഒരു കോടി രൂപയാണ് ഇത്രയും ഡയാലിസിസ് പൂർത്തിയാക്കിയതിന് ചെലവായ തുക. ഒരു ദിവസം 18 പേർക്കാണ് സൗജന്യ ഡയാലിസിസ് നടത്തുന്നത്. ഒരാൾക്ക് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യേണ്ടി വരുന്നുണ്ട്. നിലവിൽ 48 രോഗികൾക്ക് ഡയാലിസിസ് ചെയ്തു വരുന്നു.

2016 ആഗസ്റ്റ് 26 നാണ് താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. മുൻ എംപി ഇന്നസെന്റിന്റെ എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ നാല് ഡയാലിസിസ് മെഷിനുകൾ ഉപയോഗിച്ചായിരുന്നു ആദ്യത്തെ പ്രവർത്തനം. 2018ൽ കിഫ് ബി ഫണ്ടുപയോഗിച്ച് 6 മെഷീനുകൾ കൂടി ആശുപത്രിയിലേക്ക് ലഭിച്ചു. ഇപ്പോൾ 10 മെഷീനുകൾ പ്രവർത്തനക്ഷമമാണ്. ഇതുപയോഗിച്ച് കൊണ്ടാണ് 48 ജീവനുകൾ നിലനിർത്തുന്നത്.