കുന്നംകുളം താലൂക്കിൽ തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് ക്വാറന്റൈൻ…

പ്രത്യേക വിമാന സർവ്വീസ് വഴി വിദേശത്ത് നിന്നും തിരിച്ചെത്തിയ തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. താലൂക്ക് പരിധിയിലെ നാല് ക്വാറന്റൈൻ കേന്ദ്രങ്ങളിലായാണ് ആവശ്യമായ സൗകര്യമൊരുക്കിയത്. ചൂണ്ടൽ പഞ്ചായത്തിലെ ഗാഗുൽത്താ ധ്യാന കേന്ദ്രം, കടങ്ങോട് പഞ്ചായത്തിലെ തേജസ് എഞ്ചനീയറിങ്ങ് കോളേജ്, വേലൂർ പഞ്ചായത്തിലെ വിദ്യ എഞ്ചിനീയറിങ്ങ് കോളേജ്, പോർക്കുളം പഞ്ചായത്തിലെ പി.എസ്.എം. ഡെന്റൽ കോളേജ് എന്നിവടങ്ങളിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉള്ളത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ ഈ കേന്ദ്രങ്ങളിലുണ്ട്. ശനിയാഴ്ച്ച ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും മൂന്ന് ഫ്‌ളൈറ്റുകളിലായി എത്തിയവരിൽ 55 പേരാണ് തൃശൂർ ജില്ലക്കാരായി ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും വിദേശത്ത് നിന്ന് എത്തുന്നവർക്ക് കുന്നംകുളം താലൂക്കിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കുക. നാലിടങ്ങളിലായി 271 പേർക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമാണ് കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിലുള്ളത്.