പ്രളയ സമാനമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഡാമിന്റെ റിവർ സ്ലൂയിസ് തുറന്ന് വൈദ്യുതി ഉത്പാദനം നടത്തും. ഉത്പാദന ശേഷം വരുന്ന ജലം നിയന്ത്രിത അളവിൽ മണലിപ്പുഴയിലേയ്ക്ക് തുറന്നു വിടും.
ഇതിന്റെ ഭാഗമായി മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ, പുഴയിൽ മത്സ്യബന്ധനം നടത്തുന്നവർ, മറ്റ് നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.