മൊബൈൽഫോണുകൾ വഴി കോവിഡ് പകരാൻ ഉയർന്ന സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പ് ഏറ്റെടുത്ത് തൃശൂർ സിറ്റി പോലീസ്. വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കുന്നതിനാൽ മൊബൈൽഫോണിനു പുറത്ത് വൈറസ് തങ്ങിനിൽക്കാൻ വളരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
കൈകൾ നന്നായി കഴുകിയതുകൊണ്ടോ സാനിറ്റൈസർ ഉപയോഗിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. കൈകളുടെ ഉൾഭാഗം കൊണ്ട് ഉപയോഗിക്കുന്ന മൊബൈൽഫോൺ ഓരോ പ്രാവശ്യവും കഴുകാനോ കളയാനോ സാധിക്കില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ വളരെ മുൻകരുതൽ അത്യാവശ്യമാണ്.
മൊബൈൽഫോൺ നമ്മുടെ കൈയുടെ ഭാഗം തന്നെയാണെന്ന് കരുതണം, കൈകൾ ശുചിയാക്കുന്നതുപോലെ മൊബൈൽഫോണും ശുചിയാക്കണം, പരമാവധി വയർരഹിത ഹെഡ്സെറ്റ് ഉപയോഗിച്ചോ ലൌഡ് സ്പീക്കർ ഉപയോഗിച്ചോ സംസാരിക്കുക, മൊബൈൽഫോൺ കൈമാറി ഉപയോഗിക്കാതിരിക്കുക, എന്നീ നിർദേശങ്ങളാണ് പോലീസ് മുന്നോട്ട് വെക്കുന്നത്.