സിസിടിവിയെയും വെല്ലുവിളിച്ച് മാലിന്യം തള്ളിയ രണ്ടുപേർ കയ്യോടെ പിടിയിൽ..

തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡിൽ പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് കളക്ഷൻ സെന്ററിന് സമീപം മാലിന്യം തള്ളിയ രണ്ടുപേരെ കൂടി കയ്യോടെ പിടികൂടി. ഇത്തവണ പിടിയിലായത് വനിതാ വെറ്ററിനറി ഡോക്ടറും വല്ലച്ചിറയിൽ നിന്നുമെത്തിയ ഒരാളുമാണ്. ഡോക്ടർ കാറിലും മറ്റെയാൾ സ്കൂട്ടറിലും എത്തിയാണ് മാലിന്യം നിക്ഷേപിച്ചത്.

ഇരുവരോടും ചൊവ്വാഴ്ച പഞ്ചായത്തിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് സി.കെ.വിനോദ് പറഞ്ഞു. ഇൗ ഭാഗത്ത് മാലിന്യം തള്ളിയതിന് ദിവസങ്ങൾക്കിടെ നാലുപേരെയാണ് പിടികൂടിയത്. രണ്ടുപേരിൽനിന്ന് 10000 വീതം പിഴ ഈടാക്കുകയും ചെയ്തിരുന്നു.

പ്രദേശം സി.സി.ടി.വി. നിരീക്ഷണത്തിലാണെന്നും മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്നും എഴുതിയ ബാനർ ഇൗ സെന്ററിൽ സ്ഥാപിച്ചിട്ടുണ്ട്. ഇൗ മുന്നറിയിപ്പും അവഗണിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തന്നെയാണ് പഞ്ചായത്തിന്റെ തീരുമാനം.