ചാലക്കുടി ഫോറസ്റ്റ് സ്റ്റേഷനിൽ 20 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി…

ചാലക്കുടി ഡി.എഫ്.ഒ. ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ഫ്ളയിങ് സ്ക്വാഡ് ഓഫീസ് കെട്ടിടത്തിന്‌ സമീപം ഒരുക്കിയ കൂട്ടിൽ നിന്നും വിരിഞ്ഞിറങ്ങിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളാണ്. കരുവന്നൂരിൽനിന്ന്‌ പിടികൂടിയ മലമ്പാമ്പ്‌ അടയിരുന്ന്‌ വിരിയിച്ചതാണ് കുഞ്ഞുങ്ങളെ. 30 മുട്ടകളാണ് വിരിയിക്കാൻ വെച്ചത്.

58 ദിവസം പിന്നിട്ടപ്പോൾ ഇതിൽ 20 എണ്ണമാണ് ഇപ്പൊൾ വിരിഞ്ഞത്. ബാക്കിയുള്ള മുട്ടകൾ രണ്ടു ദിവസത്തിനുള്ളിൽ വിരിയുമെന്നും തുടർന്ന് മലമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കാട്ടിൽ കൊണ്ടു വിടുമെന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.രവീന്ദ്രൻ പറഞ്ഞു.പാമ്പിൻ കുഞ്ഞുങ്ങൾ കൂടിനു പുറത്തു പോവാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.