വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ചേലക്കരയിലെ ഡോക്ടർമാർ…

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്.

ആശുപത്രിയിൽ നിന്നും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മരുന്നുകൾ ഇവർക്ക് വീട്ടിലെത്തിച്ച് കൊടുക്കുന്നുമുണ്ട്. ചേലക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ മറ്റു സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന ടീമാണ് പ്രവർത്തന സന്നദ്ധരായി അണിനിരന്നത്.