അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ ഇനി മിയോവാക്കി കാട് തളിരിടും. ഔഷധ മരങ്ങളും ഫലവൃക്ഷങ്ങളും അടങ്ങുന്ന മിയോവാക്കി കാട് മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലാണ് ബീച്ചിൽ സ്ഥാപിക്കുന്നത്.
സംസ്ഥാന സർക്കാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന 10 മിയോവാക്കി കാട് പദ്ധതിയിൽ രണ്ടെണ്ണമാണ് മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തിയത്. മൂന്നുവർഷംകൊണ്ട് സ്വാഭാവിക വനം സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബീച്ചിലെ കായലിനോടും കടലിനോടും ചേർന്ന 20 സെന്റ് സ്ഥലത്ത് 3000 വൃക്ഷ ത്തൈകളാണ് ഇതിന്റെ ഭാഗമായി നട്ടത്.
ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി അതിൽ കൽപൊടിയും ജൈവവളവും നിറച്ച് നടുവിൽ ഒരു വൃക്ഷത്തൈയും, അതിന് ചുറ്റും നാല് വൃക്ഷത്തൈകൾ വീതവുമാണ് നട്ടത്. കറുക, പുളി, മാവ്, ഞാവൽ, എലിഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളിൽപെട്ട വൃക്ഷത്തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്.