ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ കർശന നടപടികൾ പ്രാബല്യത്തിൽ വരുത്തിയേക്കുമെന്നും സൂചന ലഭിച്ചതായി കേന്ദ്ര സർക്കാർ വക്താവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ എവിടെയും ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കില്ല. സ്കൂൾ, കോളേജ്, സിനിമാ തീയറ്ററുകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് അനുമതി നൽകില്ല. അതേസമയം, വ്യാവസായിക ശാലകൾക്ക് തുറന്നു പ്രവർത്തിക്കാനും സാധിക്കും. കണ്ടെയിൻമെന്റ് സോണുകൾ അല്ലാത്ത എല്ലാ മേഖലയിലും ഇപ്പോഴുള്ള ഇളവുകൾക്ക് പുറമേ ബാർബർ ഷോപ്പുകൾ, സലൂൺ, സ്പാ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകും.
മെയ് പതിനെഴിന് ശേഷം കണ്ടെയിൻമെന്റ് സോൺ അല്ലാത്ത മേഖലകളിൽ ലോക്കൽ ട്രെയിനുകൾ, ബസ്സുകൾ, മെട്രോ എന്നിവയ്ക്ക് അനുമതി നൽകിയേക്കുമെന്നാണ് കേന്ദ്രസർക്കാർ വക്താക്കൾ നൽകുന്ന വിവരം. ഇൗ മേഖലകളിൽ ഉൾപ്പെടെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി ഓട്ടോ, ടാക്സി എന്നിവയ്ക്കും അനുമതി നൽകിയേക്കുമെന്നാണ് സൂചന.