ആശങ്കകൾക്ക് വിട; പുന്നയൂർക്കുളം ഹോട്ട്സ്പോട്ട് അല്ല.

പുന്നയൂര്‍ക്കുളം പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയിരുന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ സന്ദേശം.

പുന്നയൂര്‍ക്കുളം സ്വദേശികളായ രണ്ട് പേര്‍ക്ക് മെയ് പത്തിന് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിദേശത്ത് നിന്നെത്തിയ ഇവര്‍ ഗുരുവായൂരില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലായിരുന്നപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവാകുകയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തത്.

നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍. രോഗികളായവർ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയില്‍ എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുന്നയൂര്‍ക്കുളത്ത് ഹോട്ട് സ്‌പോട്ട് നടപടികള്‍ വേണ്ടതില്ലെന്ന് തൃശൂര്‍ ജില്ല കളക്ടര്‍ അറിയിച്ചത്.