ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് തട്ടിയത് 8 ലക്ഷം രൂപ…

മുക്കുപണ്ടം പണയം വെച്ച് എട്ടു ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘത്തെ വലപ്പാട് പോലീസ് അറസ്ററ് ചെയ്തു. എട്ട് തവണയായിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ലാലൂർ ചെറുപറമ്പിൽ സിന്ധു, മൂർക്കനിക്കര തലാപ്പുള്ളി രോഷ്‌നി, കണ്ടശ്ശാംകടവ് പാലാഴി തണ്ടായിൽ നിഷ, അരിമ്പൂർ കിഴക്കുംപുറം അഖിൽ ബാബു, പനിമുക്ക്‌ താഴത്ത് വീട്ടിൽ സന്തോഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മൈനാകം ഫൈനൻസിന്റെ വലപ്പാട് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. ഒരുലക്ഷം രൂപയുടെ പണയം കൂടി വെക്കാനുണ്ടെന്ന് പറഞ്ഞ് ഇവർ വിളിച്ചപ്പോൾ സംശയം തോന്നി മുൻപ് വെച്ച സ്വർണം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ബാങ്കിലെത്തിയ സംഘത്തെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.

മാർച്ച് 23 മുതലാണ് ഇത്തരത്തിൽ പണം തട്ടിപ്പ് ആരംഭിച്ചത്. ഇതിനായി തൃശൂർ നിന്നും മുക്കുപണ്ടം കൊണ്ടു വരികയും അതിൽ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ 916 മുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. ഇൗ സംഘത്തിൽ ഉൾപ്പെട്ട 2 സ്ത്രീകളെ കൂടി പിടികൂടാനുണ്ട് എന്ന് പോലീസ് അറിയിച്ചു. സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.