ഹോം ക്വാറന്റൈൻ സംവിധാനം വിപുലമാക്കാനൊരുങ്ങി ഗുരുവായൂർ..

ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് തിരിച്ച് വരുന്നവർക്കായുള്ള ക്വാറന്റൈൻ മുറികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കാനൊരുങ്ങി ഗുരുവായൂർ നിയോജക മണ്ഡലം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നവർക്ക് സ്വന്തം വീടുകളിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് സർക്കാർ തീരുമാനം.

എന്നാൽ വീട്ടിലെ മറ്റുള്ളവരുടെ കൂടി സുരക്ഷയെ മുൻനിർത്തി മുറിയോട് ചേർന്ന് ബാത്റൂം നിർബന്ധമാണ്. അത്തരം സൗകര്യങ്ങളില്ലാത്ത വീടുകളിലേക്ക് വരുന്നവർക്ക് കൃത്യമായ ഹോം ക്വാറന്റൈൻ ഉറപ്പ് വരുത്തുന്നതിനായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചത്. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ കെ. വി അബ്ദുൾഖാദർ എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്ത പഞ്ചായത്തുകളിൽ അതിനായുള്ള കേന്ദ്രങ്ങൾ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് എംഎൽഎ നിർദ്ദേശം നൽകി. അതിനായി പഞ്ചായത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കാമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.