എൻ ഐ പി എം ആർ സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു.


അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് സെന്റർ ഒരുക്കുന്നത്. സെറിബ്രൽ പാൾസി, ഓട്ടിസം, ഇതര ബഹു വൈകല്യങ്ങൾ എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾ, മുതിർന്നവർ എന്നിവർക്കായി ഫിസിയോതെറാപ്പി, സ്പീച്ച്, ഒക്കുപ്പേഷണൽ, ബിഹേവിയറൽ തെറാപ്പികൾ എന്നീ സേവനങ്ങളാണ് സെന്ററിൽ നൽകുക. തെറാപ്പിസ്റ്റുകളുടെ സേവനം എൻ ഐ പി എം ആർ ലഭ്യമാക്കും.


തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിക്കുക. പിന്നീട് ആവശ്യാനുസരണം സേവന ദിനങ്ങൾ വർദ്ധിപ്പിക്കും. സാറ്റലൈറ്റ് സെന്റർ ആരംഭിക്കുന്നതിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു.