വിദേശത്ത് നിന്നും വന്ന ഗർഭിണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു..

ദമാമിൽ നിന്നും തിരിച്ചെത്തി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ, ഗർഭിണി സഞ്ചരിച്ച കാർ മറിഞ്ഞു. ചേലക്കര സ്വദേശിനിയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കൊരട്ടി പെരുമ്പിയിൽ വെച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കുകളില്ലാതെ രക്ഷപ്പെട്ട യുവതിയെയും ബന്ധുവിനെയും പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

പരിക്കുകൾ ഇല്ലാത്തതിനാൽ വൈദ്യ സഹായം നിരസിച്ച യുവതിയെ സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സ്റ്റേഷനിലെ വിശ്രമത്തിനിടയിലാണ് ഇവർ വിദേശത്തുനിന്ന് വരികയാണെന്നും ഗർഭിണിയായതിനാൽ നിരീക്ഷണത്തിനായി വീട്ടിലേക്ക് വിട്ടതാണെന്നും അറിയിക്കുന്നത്.

യുവതിക്കും നിരീക്ഷണം ആവശ്യമായതിനാൽ സ്റ്റേഷനിലേക്ക് എത്തിച്ച ട്രാഫിക് പോലീസുകാരും ഡ്യൂട്ടിയുണ്ടായിരുന്ന ജി.ഡി. അടക്കം അഞ്ചുപേരും ക്വാറന്റൈനിൽ പ്രവേശിച്ചു.തുടർയാത്രയ്ക്ക് സ്വകാര്യ വാഹനം ഏർപ്പെടുത്തി ഇവരെ വീട്ടിലേക്ക് അയക്കുകയും അഗ്നിരക്ഷാസേന സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു.