മെയ് 12 ലോകം മുഴുവൻ നഴ്സസ് ദിനമായി ആചരിക്കുകയാണ്. നേഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്.
കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റി കൊണ്ടിരിക്കുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നണി പോരാളികളായി നിൽക്കുന്നത് നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ്. ഓരോ മനുഷ്യന്റെയും ജനനം മുതൽ മരണം വരെ നഴ്സുമാരുടെ സ്പർശമുണ്ടാകും. കേരളത്തിന്റെ കാര്യം പ്രത്യേകമായി പരിശോധിച്ചാൽ കഴിഞ്ഞ നിപ്പയിലും ഇപ്പൊൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന കോവിഡിൽ നിന്നും കേരള ജനതക്ക് നേരെ നീളുന്ന ആശ്വാസ കരങ്ങളിൽ ഒന്ന് നഴ്സുമാരുടെ ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും. സ്വന്തം ജീവൻ പണയപ്പെടുത്തി ആതുര സേവനം നടത്തി വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് ലോകമെമ്പാടുമുള്ള നഴ്സുമാർ.
നിപ്പ ജീവനെടുത്ത പ്രിയപ്പെട്ട ലിനി സിസ്റ്ററെ ആരാണ് മറക്കുക. ലിനിയെപ്പോലെ നൂറു കണക്കിന് നഴ്സുമാർ ജീവൻ കൊടുത്താണ് ഇന്നീ കാണുന്ന ലോകത്തെ കൈ പിടിച്ചുയർത്തിയത്. അർഹമായ ശമ്പളം പോലും ലഭിക്കാതെയാണ് പലരും തൊഴിലെടുക്കുന്നത്. ഇൗ നഴ്സസ് ഡേയിൽ എല്ലാ നഴ്സുമാർക്കും ഹൃദയം തുറന്ന് നന്ദി പറയുകയാണ് ലോകം.