ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തി, ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ഹോം ക്വാറന്റീനിലേക്ക് മാറാനുളള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു നേരത്തെയുളള വ്യവസ്ഥ.
ഹോംക്വാറന്റീനിൽ കഴിയാനുദ്ദേശിക്കുന്ന സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശുചിമുറിയും ഉളളവർക്കാണ് ഇളവ് അനുവദിക്കുക. നിലവിലെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ നിന്ന് ഹോംക്വാറന്റീനിലേക്ക് മാറാൻ ഉദ്ദേശിക്കുന്നവർ ഈ സൗകര്യം ലഭ്യമാണെന്ന സത്യപ്രസ്താവന നൽകണം.
സത്യപ്രസ്താവന ലഭിച്ചാൽ അവരെ ഹോംക്വാറന്റീനിലേക്ക് മാറ്റുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറി, ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് എന്നിവർ നടപടി സ്വീകരിക്കും. ഇപ്രകാരം വിടുതൽ ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങൾ അന്തേവാസിയുടെ വാസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിയേയും മെഡിക്കൽ ഓഫീസറെയും അറിയിക്കണമെന്ന് കലക്ടർ പറഞ്ഞു. നോഡൽ ഓഫീസർ കെ മധുവിനെ ചുമതല ഏൽപ്പിച്ചു.