രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപെട്ടു..

പീച്ചി ഗവൺമെന്റ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് കാളത്തോട് വെച്ച് തലകീഴായി മറിഞ്ഞ് രോഗിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.വിലങ്ങന്നൂർ കിഴക്കേതിൽ മേരി (64), ഭർത്താവ് എബ്രഹാം (69) എന്നിവർക്കാണ് പരിക്കേറ്റത്. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് മേരിയെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ വാഹനം തെന്നി നിയന്ത്രണം വിട്ട് മറിയുകയും ഇതേസമയം എതിരെ വന്ന കാറിൽ ഇടിച്ച് എതിർദിശയിൽ ഉണ്ടായിരുന്ന ട്രാൻസ്ഫോർമറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഡ്രൈവറും ദമ്പതികളുടെ മകനും പുറത്തേക് തെറിച്ചതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപെട്ടവരെ ഉടനെ തന്നെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു.