പ്രവാസികൾക്ക് ആശങ്ക വേണ്ട; പണി തരാൻ ‘ആപ്പു’ണ്ട്…

കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ ‘ആപ്പ്’ ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്. കേരള അക്കാദമി ഫോർ എക്സലൻസ്, വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരു വർഷം മുമ്പാണ് ആപ്പിന് തുടക്കമിട്ടത്. ഇപ്പോൾ പ്രവാസികളുടെ തിരിച്ചുവരവോടെ ആപ്പ് വീണ്ടും സജീവമാക്കുകയാണ്.

പ്രവാസികൾക്ക് മാത്രമല്ല, ലോക്ക് ഡൗണിൽ തൊഴിലില്ലാതെ വലഞ്ഞു പോയ ദൈനംദിന ഗാർഹിക-വ്യാവസായിക തൊഴിലാളികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. മരപ്പണിക്കാരനോ, പ്ലംബറോ ഇലക്ട്രീഷ്യനോ കെട്ടിടനിർമ്മാണ തൊഴിലാളിയോ ആരായാലും ആപ്പിൽ അവസരമുണ്ട്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. യോഗ്യതയും വൈദഗ്ദ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ഈ ആപ്പ് ഉപയോഗപ്പെടുത്താം.

ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനാവും.
ആദ്യവിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സർവ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ക്ലീനിങ്ങ് തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്സുമാർ, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവർ, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നവർ, മൊബൈൽ ബ്യൂട്ടിപാർലർ സേവനം നടത്തുന്നവർ എന്നിവർ ഈ സർവീസിലുൾപ്പെടും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്ത്, അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്റ്റർ ചെയ്യാം. തൊഴിലാളിയെ തേടുന്നവർക്ക് കുറച്ചു വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. തൊഴിൽ അന്വേഷകർ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. പരിശീലനം നേടിയിട്ടുള്ളവർ കോഴ്സിന്റെ സർട്ടിഫിക്കറ്റും കോഴ്സിൽ ചേരാതെ തൊഴിൽ വൈദഗ്ധ്യം നേടിയവർ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡംഗത്തിന്റെ സാക്ഷ്യപത്രവും സമർപ്പിക്കണം.