ഇളവ് വന്നു; ബോണസായി ഗതാഗതക്കുരുക്ക്‌..

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജില്ലയിൽ വാഹനങ്ങളുടെ തിരക്കേറി. പലയിടത്തും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് റോഡുകളിൽ ഇത്രയും വാഹനങ്ങൾ ഒന്നിച്ച് ഇറങ്ങിയത്. വാഹനങ്ങളുടെ ഇരട്ട-ഒറ്റ അക്ക നമ്പർ നിയന്ത്രണം ഒഴിവാക്കിയതാണ് റോഡിലെ തിരക്കുകൂടാൻ പ്രധാന കാരണമായത്. ബുധനാഴ്ച കടകളും ഏറെക്കുറെ തുറന്നു.

ഇതും തിരക്കുകൂടാൻ കാരണമായി. റോഡുകൾക്ക് നടുവിൽ സ്ഥാപിച്ചിരുന്ന വാഹനപരിശോധന സംവിധാനങ്ങൾ പോലീസ് മാറ്റി. ജില്ലാ അതിർത്തികളിൽ മാത്രമാണ് ഇപ്പോഴും ഗതാഗതം തടഞ്ഞുകൊണ്ടുള്ള പരിശോധന തുടരുന്നത്. ഓട്ടോറിക്ഷകൾക്ക് ഇപ്പോഴും അനുമതിയായില്ല. പക്ഷേ, കൂടുതൽ ഓട്ടോറിക്ഷകൾ നിരത്തിലൂടെ ഓടുന്നുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർ മാർക്കെതിരേ പോലീസ് കേസ് എടുക്കുന്നുണ്ട്. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനും പകർച്ചവ്യാധി നിയമ പ്രകാരവുമെല്ലാമാണ് കേസ് എടുക്കുന്നത്.