പത്ത്, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ പൂർത്തിയാക്കും..

പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ നടത്താൻ ബാക്കിയുള്ള പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കായി ജൂൺ 1 മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. കൂടാതെ വെബ് വഴിയും മൊബൈൽവഴിയും ഈ ക്ലാസുകൾ ലഭ്യമാക്കും. അതോടൊപ്പം ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത വിദ്യാർഥികൾക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.