പപ്പട നിർമ്മാണ തൊഴിലാളിയായ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് സഹായമെത്തിച്ച് മാനവികതയുടെ മഹത്തായ സന്ദേശം പകരുകയാണ് വടക്കേക്കാട് പോലീസ്. ഉണ്ണികൃഷ്ണനും അഞ്ചു കുടുംബാംഗങ്ങളും താമസിക്കുന്ന തകരഷീറ്റുകൊണ്ട് മേഞ്ഞ വീട് കണ്ടാണ് പോലീസിന്റെ മനസ്സലിഞ്ഞത്. കോവിഡ്-19 ലോക്ക് ഡൌൺ ആരംഭിച്ചതോടെ ഉണ്ണികൃഷ്ണന് പണിയുമില്ലാതായി.
ഇതോടെ കാര്യങ്ങളൊക്കെ വീണ്ടും പ്രയാസത്തിലായി. ഇൗ കഷ്ടതകൾ മനസ്സിലാക്കി വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫിറോസും ജോഫിനുമാണ് ഇവർക്ക് സഹായമായി ഈ കത്തുന്ന വേനൽക്കാലത്ത് ഒരു ഫാൻ സമ്മാനിക്കാൻ മുൻകൈ എടുത്തത്. ഉണ്ണികൃഷ്ണന്റേയും കുടുംബാംഗങ്ങളുടേയും ദയനീയാവവസ്ഥ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാർ വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. സുരേന്ദ്രനെ ധരിപ്പിച്ചു. ഇതോടെ പ്രദേശത്തെ സന്നദ്ധസംഘടന സഹായവുമായെത്തി. ഉടനടി വടക്കേക്കാട് ഇൻസ്പെക്ടർ എം. സുരേന്ദ്രൻ, ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി ഫാൻ സമ്മാനിക്കുകയും ചെയ്തു.