റോഡരികിൽ മാലിന്യം; പ്രതിഷേധം ശക്തം..

കൊരട്ടി ദേശീയപാത സിഗ്നല്‍ ജംഗ്ഷനു സമീപം മധുര കോട്സ് ഗ്രൗണ്ടിനോട് സമീപമുള്ള സര്‍വീസ് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി. സാമൂഹ്യ വിരുദ്ധരുടെ മാലിന്യം തള്ളുന്ന നടപടി തുടർന്നിട്ടും റോഡരികില്‍ മുഴുവൻ മാലിന്യം നിറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി.

കൊരട്ടി പഞ്ചായത്ത് അതിര്‍ത്തിയായ പൊങ്ങത്തിനും മുരിങ്ങൂരിനും ഇടയിലുള്ള പാതയോരങ്ങളിലാണ് മാലിന്യം കൂടുതൽ നിക്ഷേപിച്ചിട്ടുള്ളത്. അറവ് മാലിന്യം മുതല്‍ ശുചിമുറി മാലിന്യം വരെ ഇത്തരത്തിൽ റോഡിൽ തള്ളുന്നുണ്ട്.
രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.