വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..

ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ എന്നിവ നിലവിലെ കരാറുകാരെ കൊണ്ട് യുദ്ധകാലടിസ്ഥാനത്തിൽ ചെയ്തുതീർത്ത് കുടിവെള്ള വിതരണം ഉറപ്പാക്കി. ജലശുദ്ധീകരണ ശാലകളുടെയും ബാങ്കുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ശുചീകരണത്തിന് ആവശ്യമായ കെമിക്കലിന്റെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു.
തൃശ്ശൂർ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും, 7 മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനിലും നിലവിലുള്ള പദ്ധതികൾ വഴി ശുദ്ധജലവിതരണം മുടക്കം കൂടാതെ നടത്തുന്നു.

ഏകദേശം 1679139 ജനങ്ങൾക്ക് ഈ പദ്ധതി വഴി ശുദ്ധജലം ലഭിക്കുന്നുണ്ട്. ജില്ലയിലെ പദ്ധതികളുടെ പ്രധാന ജലസ്രോതസ്സുകളായ പീച്ചി ഡാം, വാഴാനി ഡാം, മണലിപ്പുഴ, ഭാരതപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ എന്നിവയിൽ ഭാരതപ്പുഴ ഒഴികെയുള്ള എല്ലാ സ്രോതസ്സുകളിലും ആവശ്യമുള്ള ശുദ്ധജലം ലഭ്യമാണ്. തിരുവില്വാമല ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നും വാൽവ് ക്രമീകരണത്തിലൂടെ മായന്നൂർ പദ്ധതി പ്രദേശങ്ങളിലേക്കും ജല വിതരണം നടത്തുന്നുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്ത് ആവശ്യപ്പെടുന്നതിനനുസരിച്ച് ടാങ്കർ ലോറികളിൽ കുടിവെള്ളവിതരണം ലഭ്യമാക്കുന്നു.