ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം കിറ്റുകളുമായി സപ്ലൈകോ…

താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം ഭക്ഷ്യധാന്യക്കിറ്റുകളുമായി സപ്ലൈകോ. ഭക്ഷ്യധാന്യങ്ങൾ നൽകാൻ ആവശ്യമായ കിറ്റുകളുടെ പാക്കിംഗ് തൃശ്ശൂർ ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റു കളിലുമായി പുരോഗമിക്കുന്നുണ്ട്. നീല, വെള്ള റേഷൻ കാർഡുകൾക്കുള്ള ഒന്നരലക്ഷത്തോളം സൗജന്യ കിറ്റുകളാണ് ഇപ്പോൾ 22 മാവേലി സ്റ്റോറുകളോടും എട്ട് സൂപ്പർ മാർക്കറ്റുകളോടും ചേർന്നുള്ള പാക്കിങ് കേന്ദ്രങ്ങളിൽ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. 10.5 കിലോഗ്രാം തൂക്കം വരുന്ന ഒരു ഭക്ഷ്യധാന്യ കിറ്റിൽ 17 ഇനങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ജില്ലയിലെ അതിഥി തൊഴി ലാളികൾക്കുമുള്ള കിറ്റുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. അവധിദിനങ്ങൾ പോലും പ്രവൃത്തി ദിനങ്ങളാക്കിയാണ് സപ്ലൈകോ ഡിപ്പോ ഓഫീസ്, മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലെ ജീവനക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ സംഘടന അംഗങ്ങളും ഗോഡൗൺ തൊഴിലാളികളും ഒത്തൊരുമിച്ചു പ്രവർത്തിച്ചത്.