ഹാർബറിൽ ലേലം അനുവദിക്കില്ല: ജില്ലാ കലക്ടർ..

ഹാർബറിൽ ലേലം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. മത്സ്യബന്ധനത്തിന് ഇൻബോർഡ് വള്ളങ്ങളിൽ പരമാവധി 20 പേരെയും രണ്ട് കാരിയറിൽ അഞ്ച് പേർ വീതം 10 പേരെയും മാത്രമെ അനുവദിക്കൂ. കേരള രജിസ്ട്രേഷൻ ഉള്ള യന്ത്രവൽകൃത ബോട്ടുകൾക്ക് പരമാവധി 10 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഏകദിന മൽസ്യബന്ധനത്തിൽ ഏർപ്പെടാവുന്നതാണ്. രജിസ്ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മൽസ്യബന്ധനത്തിൽ ഏർപ്പെടാം.

വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളിൽ രജിസ്ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് ഞായറാഴ്ച്ച മൽസ്യബന്ധനത്തിൽ ഏർപ്പെടാവുന്നതാണ്. ഹാർബറിൽ കൂട്ടം കൂടുകയോ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ കർശന നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു. കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി, ഫിഷറീസ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.