കർഷകർക്ക് ആശ്വാസം; പടവലം ഹോർട്ടികോർപ്പ് ഏറ്റെടുക്കും..

മലയോര മേഖലയിലെ തോട്ടങ്ങളില്‍ കെട്ടിക്കിടന്ന പടവലം ഹോര്‍ട്ടി കോര്‍പ്പ് ഏറ്റെടുക്കും. മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ n lcorona തുടര്‍ന്നാണ് നടപടി. വിലയിടിവിനെ തുടര്‍ന്ന് ഏറ്റെടുക്കാനാളില്ലാതെ തൃക്കൂര്‍ മേഖലയില്‍ വിളവെടുത്ത ടണ്‍ കണക്കിന് പടവലങ്ങ കെട്ടിക്കിടക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു.

ഇതു ശ്രദ്ധയില്‍പ്പെട്ട മന്ത്രി കൊടകര കൃഷി അസി. ഡയറക്ടര്‍ക്ക് പടവലം ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പുലയ്ക്കാട്ടുകര പ്രദേശത്തെ 500 കിലോഗ്രാം പടവലങ്ങ ഹോര്‍ട്ടി കോര്‍പ്പ് ഏറ്റെടുക്കുകയായിരുന്നു.

അടുത്ത ദിവസം തൃക്കൂരില്‍ നിന്ന് 300 കിലോഗ്രാം പടവലങ്ങ കൊണ്ടു പോകുമെന്ന് അസി. ഡയറക്ടര്‍ സരസ്വതി അറിയിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് പുറമെ മറ്റ് ബ്ലോക്കുകളിലെ ഇക്കോ ഷോപ്പുകള്‍ വഴി പടവലങ്ങ വിപണിയിലെത്തിക്കാനും ശ്രമിക്കും.