സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.അതോടൊപ്പം 61 പേർ രോഗമുക്തി നേടിയെന്നത് ഏറെ ആശ്വാസകരവും, അഭിമാനകരമാണ്. 95 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 61പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവർ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി അറിയിച്ചു.
499 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇനി സംസ്ഥാനത്ത് 21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേർ വീടുകളിലും 372പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 33,010 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 32,315 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.