ലോക്കാവാതെ ഗ്രീൻ പാർക്ക്; തൊഴിൽ മുടക്കാതെ സമത ഗ്രീൻ..

കുന്നംകുളം: കോവിഡ്‌ പ്രതിരോധ കാലഘട്ടത്തിൽ ഒരു ദിവസം പോലും അവധി എടുക്കാതെ കുറുക്കൻപാറ ഗ്രീൻ പാർക്കിലെ സമത ഗ്രീനിലെ അംഗങ്ങൾ.
മാർക്കറ്റിലെ പച്ചക്കറി മാലിന്യവും കോഴി മാംസാവശിഷ്ടവുമാണ് കോവിഡ് കാലത്ത് ഇവിടേക്ക് എത്തുന്ന പ്രധാന അസംസ്കൃത വസ്തു. ജൈവ മാലിന്യം സംസ്കരിച്ച് അടുക്കളതോട്ടത്തിനും മറ്റും ഉതകുന്ന മികച്ച ജൈവ വളമുണ്ടാക്കലാണ് ഇവിടുത്തെ പ്രധാന വ്യവസായം.

കോവിഡ് കാലത്ത് മാലിന്യത്തിന്റെ അളവ് കുറഞ്ഞതും കോഴിമാംസം പൊടിക്കാനുള്ള മെഷീൻ വന്നതും ജൈവവളമുണ്ടാക്കുന്നതിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിച്ചതിനാൽ നിലവിൽ 2 ടൺ ജൈവവളമാണ് വിൽപനയ്ക്ക് തയ്യാറായിരിക്കുന്നത്. ഒന്നിടവിട്ട ദിനങ്ങളിൽ കുടുംബശ്രീ തൊഴിലാളികളാണ് മാലിന്യം ഇവിടേക്ക് എത്തിക്കുന്നത് ഒരിടത്തും മാലിന്യം കെട്ടി കിടക്കാതെയുള്ള സമത ഗ്രീനിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. ലോക്ക് ഡൗൺ ദിവസങ്ങളിൽ ശരാശരി 400kg കോഴിമാംസാവശിഷ്ടവും,ഒരു ടൺ പച്ചക്കറി മാലിന്യവും ഇവിടെ സംസ്കരിക്കുന്നുണ്ട്.