പീച്ചി ഡാം സ്ലൂയിസ് ഷട്ടറുകൾ തുറന്നു. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം..

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് കെ എസ് ഇബി ചെറുകിട വൈദ്യുതി ഉത്പാദന നിലയത്തിലെ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിട്ടത്.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ഇറിഗേഷൻ വിഭാഗം പരിശോധിക്കും.

പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പുഴകളിൽ മത്സ്യബന്ധനത്തിന് കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും. അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ ജില്ലാ ഫയർ ഓഫീസർ സ്വീകരിച്ചിട്ടുണ്ട്.