നാടിനെ കൈ പിടിച്ചു കയറ്റാൻ രണ്ട് ലക്ഷം നൽകി മാലാഖ

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ഷീബ ജോസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന നൽകി. തൃശൂർ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിക്ക് ഒരു ലക്ഷം രൂപ കൂടി അവർ സംഭാവന ചെയ്തു. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സാ വിഭാഗത്തിൽ ജോലി ചെയ്യുന്ന മാലാഖ മാരിൽ ഒരാളാണ് ഷീബ.

ഇതിനു മുൻപും നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അനുഭവം കൂടെയുള്ള ഷീബ കോവിഡ്‌ കാലത്തും നാടിനുള്ള കരുതൽ തുടരുകയാണ്. കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന് ഷീബ ജോസിന്റെ ഭർത്താവ് ആൻഡ്രൂസ് തെക്കുംപുറം ചെക്കുകൾ കൈമാറി. ഹോസ്പിറ്റൽ മാനേജ്മന്റ് കമ്മറ്റിക്കുള്ള ചെക്ക് തൃശൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി പി ശ്രീദേവി ഏറ്റുവാങ്ങി.

കോവിഡ് ചികിത്സയ്ക്കുള്ള മൾട്ടിപാരാ മോണിറ്റർ, ഡിഫിബ്രിലേറ്റർ എന്നിവ വാങ്ങാൻ ഈ തുക ഉപയോഗിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ ജെ റീന ചടങ്ങിൽ പങ്കെടുത്തു. പ്രളയദുരിതാശ്വസത്തിന്റെ ഭാഗമായി ഷീബ ജോസും കുടുംബവും ഒരു വീട് നിർമ്മിച്ച് നൽകിയിരുന്നു. 5 ലക്ഷം രൂപ ചെലവിൽ നേരത്തെ സർക്കാർ വൃദ്ധസദനത്തിന് ആംബുലൻസും നൽകിയിട്ടുണ്ട്.