
മണ്ണുത്തി. മുല്ലക്കരയിലുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ സ്വർണ്ണപണ്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങൾ നൽകി 7,21,140 രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതി ഒല്ലൂക്കര മുളയം അയ്യപ്പൻകാവ് മംഗലശ്ശേരി വീട്ടിൽ റിയാസ് (43) എന്നയാളെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.
2023 ഏപ്രിൽ 14 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊന്നൂക്കര സ്വദേശിയുടെ സ്വർണ്ണ പണയ സ്ഥാപനത്തിൽ സ്വർണ്ണപണ്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 9 തവണകളോളമായി പണയം വച്ച് 7,21,140 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്വർണ്ണം എടുക്കുകയോ പണം നൽകുകയോ ചെയ്യാത്തതിനാൽ നടത്തിയ അന്വേഷണത്തിൽ പണയം വച്ച ഉരുപ്പടികൾ വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇക്കാര്യത്തിന് മണ്ണുത്തി പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റിയാസിന് ഏഴോളം പോലീസ് സ്‌റ്റേഷനുകളിലായി 11 ഓളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.