
വിവാഹസത്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്‌റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. പ്ലാസ്‌റ്റിക്കിന് പകരം ചില്ല് കുപ്പികൾ ഉപയോഗിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. പ്ലാസ്‌റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
പുനരുപയോഗമില്ലാത്ത പ്ലാസ്‌റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് നിർദ്ദേശം.
നൂറ് പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്‌റ്റിക് ഉപയോഗത്തിന് തദ്ദേശ സ്‌ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമെന്ന് സർക്കാർ അറിയിച്ചു. മലയോര മേഖലയിൽ പ്ലാസ്‌റ്റിക് നിരോധനം പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മാലിന്യ പ്രശ്‌നത്തിൽ റെയിൽവേയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ട്രാക്കുകൾ മാലിന്യ മുക്‌തമായി സൂക്ഷിക്കാൻ റെയിൽവേക്ക് ബാധ്യതയുണ്ട്. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ബാധ്യത പാലിക്കണം. ട്രാക്കുകളിൽ മാലിന്യം തള്ളാൻ റെയിൽവേ അനുവാദം നൽകരുത്. മാലിന്യം പൂർണ്ണമായും നീക്കണമെന്നും റെയിൽവേയോട് ഹൈക്കോടതി.