പുണ്യമാസത്തിൽ വഴിയാത്രക്കാർക്കും സ്നേഹം പകുത്ത് നൽകി ടീം വെൽഫെയർ…

പുണ്യ മാസത്തിൽ റമദാൻ വ്രതമനുഷ്ഠിച്ച് എത്തുന്ന വഴിയാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് ടീം വെൽഫെയർ കൂട്ടായ്മ. ലോക്ക് ഡൗൺ കാരണം യാത്രക്കാർക്ക് ഭക്ഷണം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് യുവാക്കൾ നോമ്പ് വിഭവങ്ങളും കാരക്കയും വെള്ളവും ഉൾപ്പെടെ എത്തിച്ചു നൽകുന്നത്. ദീർഘ ദൂര ലോറികളിലെ ഡ്രൈവർമാർക്കും മറ്റ് വാഹന യാത്രക്കാർക്കും നോമ്പ് തുറക്കുന്ന സമയമാകുന്നതോടെ ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് മസ്ജിദു റഹ്മ പള്ളിക്കു മുന്നിലാണ് നോമ്പ് തുറ വിഭവങ്ങളുമായി യുവാക്കൾ കാത്തിരിക്കുന്നത്. ഒന്നാമത്തെ നോമ്പ് മുതൽ തന്നെ ഈ സേവനത്തിന് തുടക്കം കുറിച്ചിരുന്നു. രാവിലെ മുതൽ അന്ന പാനീയങ്ങൾ എല്ലാം ഉപേക്ഷിച്ച് വ്രതമാനുഷ്ഠിക്കുന്ന സഹോദരങ്ങൾക്ക് വൈകുന്നേരമാവുന്നതോടെ നോമ്പ് തുറക്കാൻ വെള്ളം പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. ഇൗ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ടീം വെൽഫെയർ യുവാക്കൾ റമദാൻ മാസത്തിൽ ഇങ്ങനെയൊരു സേവനം നൽകാൻ കാരണമായതെന്ന് ഭാരവാഹികൾ പറഞ്ഞു. മുപ്പത്താമത്തെ നോമ്പ് വരെയും ഈ സേവനം തുടരുമെന്നും ടീം വെൽഫെയർ സെക്രട്ടറി ഷബീർ അഹ്സൻ പറഞ്ഞു.