തൃശൂര്‍ മാടക്കത്തറ വില്ലേജ് ഓഫിസര്‍ പോളി ജോര്‍ജിനെ വിവരാവകാശ രേഖ നല്‍കാന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടി. സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു കൈക്കൂലി വാങ്ങുന്നത് കേട്ടുകേള്‍വിയില്ലെന്ന് തൃശൂര്‍ വിജിലന്‍സ്. മാടക്കത്തറ വില്ലേജ് ഓഫിസില്‍ പത്തു സെന്‍റിനു മീതെ ഭൂമിയുള്ള എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്നതായിരുന്നു വിവരാവകാശ രേഖയിലെ ചോദ്യം.
രേഖകള്‍ പരിശോധിക്കാന്‍ ഏറെ അധ്വാനമുണ്ടെന്നും മൂവായിരം രൂപ കൈക്കൂലി വേണമെന്നും വില്ലേജ് ഓഫിസര്‍ പോളി ജോര്‍ജ് ആവശ്യപ്പെട്ടതായി മാടക്കത്തറ സ്വദേശി ദേവേന്ദ്രന്‍ വിജിലന്‍സിന് പരാതി നല്‍കി. ഈ പരാതിപ്രകാരം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫിസര്‍ക്കെതിരെ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി.
കഴിഞ്ഞ രണ്ടു ദിവസമായി വില്ലേജ് ഓഫിസറുടെ നീക്കങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയായിരുന്നു. രാസമിശ്രിതം പുരട്ടി മൂവായിരം രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനു കൈമാറി. വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ട പ്രകാരം തുക റജിസ്റ്ററിനുള്ളില്‍ വച്ചു. പിന്നാലെ, പരാതിക്കാരന്‍ വില്ലേജ് ഓഫിസില്‍ നിന്നിറങ്ങി. ഡിവൈ.എസ്.പിയും സംഘവും വില്ലേജ് ഓഫിസറുടെ മുറിയില്‍ കയറി പരിശോധിച്ചു. നേരത്തെ വിജിലന്‍സ് കൈമാറിയ തുക മേശയില്‍ നിന്ന് കണ്ടെടുത്തു. നോട്ടില്‍ പുരട്ടിയ രാസമിശ്രിതം വില്ലേജ് ഓഫിസറുടെ കയ്യില്‍ പറ്റിയിരുന്നു.
തൃശൂര്‍ കൊടകര മൂന്നുമുറി സ്വദേശിയാണ് അറസ്റ്റിലായ വില്ലേജ് ഓഫിസര്‍. ഒരു വര്‍ഷമായി മാടക്കത്തറയിലാണ് ജോലി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് വില്ലേജ് ഓഫിസറെക്കുറിച്ച് ഒട്ടേറെ പരാതികള്‍ പറഞ്ഞു.