നാളെ പൂരം; നിശ്ശബ്ദമായി പൂര നഗരി…

ലോക മലയാളികൾ തൃശൂരിലേക്ക്‌ കണ്ണും കാതും സമർപ്പിച്ച് കാത്തിരിക്കുന്ന ദിവസമാണ് നാളെ. പൂരങ്ങളുടെ പൂരം കോവിഡ് കാരണം മുടങ്ങുമ്പോള്‍ ദേശക്കാരുടെയും പൂര പ്രേമികളുടെയും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുക ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവ് പഞ്ചവാദ്യവുമായിരിക്കും.
മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250 വാദ്യകലാകാരന്മാര്‍ തീര്‍ക്കുന്ന വിസ്മയം ഇക്കുറി ലോകത്തിന് നഷ്ടമാകും. ലോകപ്രശസ്ത ഇലഞ്ഞിത്തറ മേളത്തിൽ ഉലഞ്ഞു നിൽക്കുന്ന പുരുഷാരവും ഇത്തവണ ഇല്ല. പൂരദിവസം ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവ് പഞ്ചവാദ്യവും കേട്ടില്ലെങ്കില്‍ പൂരപ്രേമികള്‍ക്ക് എന്തോ കുറവ് സംഭവിച്ചതു പോലെയാണ്. വാദ്യഘോഷത്തെ നെഞ്ചിലേറ്റുന്നവര്‍ക്ക് അത്രയേറെ പ്രിയങ്കരമാണ് ഇതു രണ്ടും.

തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം തീര്‍ക്കുന്ന നാദവിസ്മയം ദേശക്കാരുടെ കൈവിരലുകള്‍ക്ക് ആവേശമാണ്. ഇന്നു തെക്കേഗോപുര നട തുറന്നുള്ള പൂരംവിളംബര ചടങ്ങ് നടക്കേണ്ട ദിവസം കൂടിയാണ്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ തെക്കേഗോപുരം കടന്ന് വരുന്ന ദിനം.കോവിഡ് കാരണം ആ ചടങ്ങും ഉപേക്ഷിച്ചു. ചെവികളും മനസ്സും പെരുപ്പിച്ച് നിർത്തുന്ന സാമ്പിൾ വെടിക്കെട്ടുമില്ലാതെ നിശബ്ദമായി അവസാനിക്കുകയാണ് മലയാള നാടിന്റെ പൂരക്കാത്തിരിപ്പ്‌..