മാസ്ക് ധരിച്ചില്ല; ജില്ലയിൽ 261 പേർക്കെതിരെ കേസെടുത്തു

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ ജില്ലയിൽ ആദ്യദിനം തന്നെ 261 പേർക്കെതിരെ പോലീസ് കേസെടുത്തു .നിർദേശം ലംഘിച്ചവർക്കെതിരെ നടപടികൾ ആരംഭിക്കുകയായിരുന്നു ഇന്നലെ.പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗവൺമെന്റ് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപയാണ് പിഴ.


വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.