കോവിഡ് 19 വ്യാപനത്തെ തുടർന്ന് ആശുപത്രികളിൽ മാറ്റിവെച്ച ശസ്ത്രക്രിയകളെല്ലാം വീണ്ടും തുടങ്ങിയതോടെ രക്തത്തിന്റെ ആവശ്യം കൂടുന്നു. നിലവിൽ പോസിറ്റീവ് രക്തത്തിനാണ് ക്ഷാമം. കൂടുതൽ രക്തദാതാക്കളെ ബ്ലഡ് ബാങ്കിലെത്തിച്ച് രക്തം സംഭരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ രക്തം നൽകാനുള്ള സൗകര്യം രാമപുരം ബ്ലഡ് ബാങ്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രസവങ്ങളും മറ്റു ശസ്ത്രക്രിയകളും വർധിച്ചതോടെ ബ്ലഡ് ബാങ്കിൽ ആവശ്യത്തിനു രക്തം ഇല്ലാത്ത സ്ഥിതിയാണ്. നിലവിലെ സാഹചര്യത്തിൽ 100 കണക്കിന് യൂണിറ്റ് രക്തമെങ്കിലും ആവശ്യം വരും എന്നാണ് പറയുന്നത്. ഐ എം എ യ്ക്ക് പുറമേ ഐഎംഎ ബ്ലഡ് ബാങ്ക് ലൈസൻസ് ഉള്ള മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ, അമല മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് രക്ത സംഭരണ സൗകര്യമുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ രക്തദാനം നടത്തുന്നുണ്ടെങ്കിലും കൂടുതൽ ആളുകൾ മുന്നോട്ട് വന്നാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ.