രാവിലെ ഹാൻസ് വിൽപന, വൈകുന്നേരം ചാരായം വാറ്റ്; പ്രതി ഒരേ ദിവസം രണ്ടു തവണ അറസ്റ്റിൽ

രാവിലെ ഹാൻസ് വിൽപ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ വൈകീട്ട് ചാരായം വാറ്റിന് പിടിയിൽ. എൽതുരുത്ത് പാലയൂർ വീട്ടിൽ മിൽജോ (40) ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സലീഷ് എൻ എസ് നു ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളുടെ തറവാടുവീടിന്റെ ശുചിമുറിക്കു സമീപത്തുനിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ വീര്യം കൂടിയ 50 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഇവിടെ ഒളിച്ചു സൂക്ഷിക്കുന്ന പുകയില വസ്തുക്കൾ കൂടിയ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചുനൽകുയാണ് ഇയാളുടെ പതിവ്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത്, രണ്ട് ആൾ ജാമ്യത്തിൽ പോലീസ് സ്റ്റേഷനിൽ നിന്നും രാവിലെ വിട്ടയച്ചിരുന്നു.കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു ഒളരി ഭാഗത്ത് പട്രോളിങ്ങ് നടത്തി വരവെ അസ്വാഭാവിക സാഹചര്യത്തിൽ ഉച്ചയോടെ മിൽജോയെ കാണുകയും പോലീസിനെകണ്ട് ഓടാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിയെ പിടികൂടി വീണ്ടും ചോദ്യം ചെയ്തതിലാണ് ഇയാൾ വാടകയ്കെടുത്ത ഫ്ലാറ്റ് മുറിയിൽ ചാരായം വാറ്റ് നടത്തുന്നതായി കാണപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഇൻസ്പെക്ടർ സലീഷ് എൻ. എസ്, സബ് ഇൻസ്പെക്ടർ കെ.സി ബൈജു, എ.എസ്.ഐ സന്തോഷ്, സീനിയർ സിപിഒ ഷിബു, അജിത് നായർ, സിപിഒ അഭീഷ് ആൻറണി എന്നിവരാണുണ്ടായിരുന്നത്.